Saturday 16 August, 2008

ഏകാന്തത

പാതിവഴിയിലെവിടെയോ നിന്നു പോയ
ജീവിതംഎങ്ങനെ നയിക്കുവാന്‍ മുന്നോട്ടെന്ന ...
ആലോചനകള്‍ നീളുന്നു രാവേറെ ചെല്ലുവോളവും...
അലഞ്ഞു തീര്‍ത്ത പാതകളൊക്കെയും
പടു‌വഴികളായിരുന്നു എന്നറിവിന്‍ നൊമ്പരത്തോടെ ...

ഉള്ളിലെ തീയ് മുഴുവന്‍ എഴുതി തീര്‍ത്തൂ
വേദികള്‍ പലതില്‍ പറഞ്ഞു തീര്‍ത്തൂ
ഒടുവില്‍ കൂട്ടുകാര്‍ പിരിഞ്ഞു കൂടണയുമ്പോള്‍
ഏകാന്തയുടെ നിശബ്ദതയെ ഭേദിക്കുവാന്‍
ഇടയ്ക്കിടെ പരിചാരകനെ ഉറക്കെ വിളിച്ചും ...
ഒക്കെ മനസ്സിലാക്കുന്നവന്‍...വീണ്ടും വീണ്ടും വിളിപ്പിച്ചും...

അന്നന്നത്തെ അനുഭവങ്ങള്‍ കുറിച്ചു വച്ചു..
കുറിച്ചതൊക്കെ ആര് കാണാന്‍? ...
കേള്‍ക്കാനാളില്ലെങ്കില്‍ കുറിക്കുകയല്ലാതെ വേറെന്തു വഴി?
ഒറ്റയ്ക്ക് ജീവിച്ചാല്‍ എന്ത് കുഴപ്പം? വെല്ലുവിളിച്ചൂ വീട്ടുകാരെ,
സമൂഹത്തെ, വ്യവസ്ഥിതിയെ...

വെല്ലുവിളി ഏറ്റെടുത്തവര്‍ എന്നെ നിശബ്ദനാക്കിയെന്നു
ഞാനിന്നു മനസ്സിലാക്കുന്നു...മറ്റുള്ളവര്‍ക്ക്‌ ഞാനിന്നൊരു വിജയി ..
ഒറ്റയ്ക്ക് ജീവിച്ച തന്റേടി ... പക്ഷെ, അറിയുന്നൂ
മറന്നു പോയ കടമകളെ, എന്റെ ബാധ്യതകളെ..
വീട്ടുകാരോടു, സമൂഹത്തോട് കടമകള്‍ തീര്‍ക്കാത്തവന്‍ ഞാന്‍....

പറയുന്നില്ലാരും അതൊക്കെയും ...
അവരോട് പറയുവാനാഗ്രഹിക്കുന്നു ഞാനിന്നു...
പക്ഷെ ഞാന്‍ .... ആരുമറിഞ്ഞില്ലെന്‍ നൊമ്പരം..
അറിയിക്കുവാന്‍ എനിക്കാവുകയുമില്ല..
മൌന നൊമ്പരങ്ങളുടെ തീച്ചൂളയില്‍ ഇന്നുരുകുന്നു ഞാന്‍...

ഒരു തലോടല്‍..സ്നേഹ സ്പര്‍ശം...സാന്ത്വനം...
ഒകെയ്ക്ജായി തുടിക്കുന്നൂ മനം... കൊഞ്ചലുകള്‍ കേള്‍ക്കാന്‍ ...
ഒക്കെ മറക്കാന്‍ കൊതിക്കുന്നൂ ഉള്ളം..
ഇന്നു ഞാന്‍ തിരിച്ചറിയുന്നൂ ... ഇല്ല, ആരുമെന്‍ ചുറ്റിലും
ഇതു പോലില്ല, വിരളമായല്ലാതെ ...
എന്തിനീ വേറിട്ട വഴി തിരഞ്ഞെടുത്തൂ ഞാന്‍...?
വാശിയോടെ വാദിച്ച നാളുകള്‍ ...പലമുഖങ്ങളും മറന്നൂ ഞാന്‍..

എന്നെ തേടിയകണ്ണുകളെ കണ്ടില്ലെന്ന് നടിച്ചു..
പുച്ഛത്തോടെ ഒക്കെ തട്ടിയെറിഞ്ഞൂ...
എന്‍ കാല്‍ക്കീഴില്‍ വീണുടഞ്ഞ ചില്ല് പാത്രങ്ങളുടെ
ചെറിയ തരികള്‍ പോലുമിന്നെന്റെ ഹൃദയത്തെ കീറി മുറിക്കുന്നൂ ...
നിണമൊഴുകുന്നൂ ചുറ്റിലും..

യുവത്വതിന്‍ തിളപ്പായിരുന്നു, അഗ്നിയായിരുന്നു മനസ്സില്‍..
ഇന്നതൊക്കെ തിളച്ചു തൂവിപ്പോയിരിക്കുന്നൂ..
എങ്കിലുമാവര്‍ത്തിക്കുന്നൂ ... പഴയ അതെ വാശിയോടെ ....
വെറുതെയെന്നറിഞ്ഞിട്ടും ...

പ്രഭാതത്തില്‍ തന്നെയെത്തുന്നൂ സുഹൃത്തുക്കള്‍..
എഴുത്ത്, വായന, സംവാദം...സദസ്സുകള്‍ പലതു കഴിഞ്ഞു
വീണ്ടുമെത്തുന്നു ഞാനീ കൂട്ടില്‍.....ഒളിപ്പിക്കുന്നു മുഖം ഞാന്‍....
ഇന്നിന്റെ ഞാന്‍...നാളെ എനിക്ക് പോലും വേണ്ടാതാകുന്ന ഞാന്‍...
അറിയുന്നൂ ആ സത്യം...ഉള്ളം പൊള്ളിക്കുന്ന നേരിന്റെ നേര്..
അടയുന്നൂ മിഴികള്‍... പരക്കുന്നൂ ചുറ്റും നിശ്ശബ്ദത....

No comments: