Wednesday 27 August, 2008

വീണ്ടു വിചാരം

എന്റെ പൂങ്കാവനത്തിലെ ഒരു പുഷ്പവും
ആര്‍ക്കും കൊടുക്കാതെ കാത്തുസൂക്ഷിച്ചു
പൂക്കള്‍ ചോദിച്ചവരെയൊക്കെ ആട്ടിയോടിച്ചു
നട്ടു പരിപാലിച്ച എനിക്കല്ലേ പൂക്കള്‍ ?
എന്റെ നയനങള്‍ക്ക് വിരുന്നൊരുക്കാനല്ലേ
അവയൊക്കെയും വിരിയുന്നത് …
കൊടുത്തില്ല ഒന്നു പോലുമാര്‍ക്കും …

തൊട്ടു തലോടീ ആ പനിനീര്‍ മൊട്ടിനെ
നാളെ , എനിക്ക് കണിയായി വിരിയുമത്
സ്വപ്നം കണ്ടുറങ്ങി ഞാന്‍ …
പ്രഭാതത്തിലെ കാഴ്ച കണ്ടെന്‍
ഹൃദയം നുറുങ്ങീ … എന്റെ പൊന്‍ കണിയെവിടെ ?

പൊട്ടിച്ചിരി കേട്ടു നോക്കിയ ഞാന്‍ കണ്ടു
എന്റെ പ്രണയിനി , എല്ലാമെല്ലാമായവള്‍
തലയില്‍ ചൂടിയ പൂവ് കാട്ടിയവള്‍ കുണുങ്ങി ചിരിച്ചു
കലി കൊണ്ടു വിറച്ച ഞാന്‍ , ഒറ്റ വെട്ടിനാ തല താഴെയിട്ടു ..
ഇനിയെന്റെ പൂക്കളെല്ലാം സുരക്ഷിതം …
എനിക്ക് സ്വന്തം … എന്റെ മാത്രം …

ഒരു നിമിഷം , ഒരു നിമിഷാര്‍ദ്ധം
ഉള്ളിലൊരു മിന്നല്‍പ്പിണര്‍ പാഞ്ഞതു പോല്‍
മൊട്ടില്‍ നിന്നു കൈ പിന്‍‌വലിച്ചു
ശിരസ്സിനുള്ളില്‍ ആയിരം വണ്ടുകള്‍ ഒന്നിച്ചു മൂളുന്നു ..
ഈ പൂമൊട്ടു എന്റെ പ്രണയിനിയെ കൊല്ലിക്കുമെന്നോ ?
ഈ കൈയാല്‍ അവള്‍ക്കു ജീവഹാനിയോ ?
പതുക്കെ നുള്ളിയെടുത്തൂ ആ പൂമൊട്ട് ,

ഞാനിതെടുത്താല്‍ അവള്‍ രക്ഷപെടുമല്ലോ ..
പൂമൊട്ടും പ്രണയിനിയും എനിക്ക് സ്വന്തം …
എന്റെ മാത്രം ...

No comments: