Saturday 30 August, 2008

സ്വത്വം

എന്തിനെന്നറിയാതെ ഏതിനെന്നറിയാതെ
പരക്കം പായുന്നതെന്തിനീ ജനം ?
എവിടെയെങ്കിലും എപ്പോഴെങ്കിലും
ഒരു മാത്ര ഇവരൊന്നു നിന്നിരുന്നുവെങ്കില്‍ ...

ഒരു തുള്ളി വിയര്‍പ്പൊഴുക്കാതെ
പത്തു പുത്തന്‍ നേടാനായോടുന്നു ചിലര്‍
എത്ര തുള്ളികളൊഴുക്കിയാലും
പത്തു വയര്‍ നിറയ്ക്കാനാകാതെയോടുന്നു ചിലര്‍

ഒരു നിമിഷമവര്‍ നിന്നു പോയെന്നാല്‍
ഈ വിയര്‍പ്പൊക്കെയും ഉറഞ്ഞുകൂടി
ഉപ്പായിത്തീര്‍ന്നു നിറയുമീ
വഴിത്താരകളിലെന്നു ഭയന്നോടുന്നു ചിലര്‍

വായ് തുറന്നാല്‍ പരക്കുന്ന
പരദൂഷണത്തിന്‍ അസഹ്യമാം ദുര്‍ഗന്ധത്താല്‍
ബോധമറ്റു വീഴുന്നു , സാംക്രമിക രോഗങ്ങളില്‍
നിന്നു മുക്തി നേടിയവരിവിടെ .

അക്ഷരങ്ങള്‍ നല്കിയ ആശ്വാസത്താല്‍
വീണ്ടെടുത്ത ബോധം നല്‍കുന്ന
ഊര്‍ജ്ജത്തെ, വെളിച്ചത്തെ
നശിപ്പിക്കാനായ് ഓടിക്കുന്നു ചിലര്‍

അന്തിച്ചു നിന്ന എന്നെ
ചവുട്ടിയരച്ചു കൊണ്ടോടുന്നു ചിലര്‍
തലയുയര്‍ത്തി നോക്കിയ ഓരോ
അവസരങ്ങളിലും മാരകമാം
ചവിട്ടേറ്റു താഴുന്നു തല

അക്ഷരങ്ങളെ സഹായത്തിനു
വിളിക്കാതിരിക്കാനെന്ന പോല്‍
കൈകളറ്റു പോയിരിക്കുന്നു
ഒരടിയിനി മുന്നോട്ടു വേണ്ടെന്നാരോ
തീരുമാനിച്ചതിനാലോ –
കാലുകളും വേര്‍പെട്ടിരിക്കുന്നു.

എന്നിട്ടും കണ്ണുകളിലാവാഹിച്ച
അക്ഷരങ്ങള്‍ കൂട്ടാകുന്നു തലയുയര്‍ത്താന്‍
വാശിയോടെ ഉയരുന്നു വീണ്ടും
പ്രഹരങ്ങളേറ്റു താഴുന്നു ...
പാതാളത്തോളം .

കണ്ണടഞ്ഞാല്‍ , കൂട്ടു പിരിഞ്ഞാല്‍
ഉയരുമോ തല ?
താഴുവാനിനി ബാക്കിയേതുമില്ലല്ലോ
ഉയരാതായാല്‍ വേണ്ടെനിക്കീ തല .

രാത്രിമഴ

ഒരു മരം ... ഒരു മരമെങ്കിലു‌മുണ്ടായിരുന്നുവെങ്കില്‍ …
മരംപെയ്ത്തായി തുടര്‍ന്നേനെ രാത്രിമഴ ...
വെളിച്ചത്തെ ഭയന്നോ നീ
ഇരുളിന്‍ മറപിടിച്ചു വന്നുപോയത്‌ ?
അറിയുന്നീലാ നീയാണെത്തിയതെന്നു .

കൊടും താപത്താല്‍ …. വിരഹാഗ്നിയാല്‍
ഉരുകുന്ന ഹൃദയങ്ങളുടെ നെടുവീര്‍പ്പുകള്‍
ബാഷ്പമായതോ മണ്ണില്‍ നനവായി ഭവിച്ചത് ?
ഒരു മിന്നലായി , ഇടിനാദമായി
സൂചനയൊന്നു തന്നിരുന്നുവെങ്കില്‍
വരുമായിരുന്നു ഞാന്‍
ചിതറുന്ന പളുങ്കു മണികള്‍ കാന്മാനായി
അതിനുള്ള ത്രാണിയെനിക്കില്ലെങ്കിലും
കാണുമായിരുന്നു എന്നന്താരാത്മാവില്‍ .
മാറോടു ചേര്‍ത്തു പുല്‍കുമായിരുന്നു
നിന്റെ ആശകള്‍ ... ഓര്‍മ്മകളുടെ-
തേരേറി പായുന്നത് കാണാമായിരുന്നു ...

മരം പെയ്ത്തില്ലാതെന്തു മഴ ?
മാരിവില്ലില്ലാതെന്തു മഴ?
ഈറന്‍ കാറ്റില്ലാതെന്തു മഴ ?
സ്നേഹ മുത്തുകള്‍ മനസ്സുകളിലേയ്ക്ക്
ഏറ്റുവാങ്ങാനായി കാത്തിരുന്നതല്ലേ …
അറിയണം … വരവുകള്‍ ഇനിയും
ബാക്കിയാക്കാന്‍ വേണം തെളിവുകള്‍ …

ഓര്‍മ്മകള്‍

പോകരുതേ… നിങ്ങള്‍ പോകരുതേ ..
ഓര്‍മ്മകളേ … എന്നില്‍ നിന്നകലരുതേ ..
അറിയുക, ഇന്നു നിന്നില്‍ മാത്രമാണു
ഞാന്‍ ജീവിക്കുന്നതെന്നും
നീ പോയാല്‍ ഞാനില്ലെന്നും
എനിക്കു നഷ്ടമാകുന്നത്‌
എന്നെത്തന്നെയെന്നും...

ബാല്യ കൌമാരങ്ങള്‍ … കുസൃതികള്‍
യൌവ്വനത്തിനു നിറച്ചാര്‍ത്തേകിയ
പ്രണയ ലോകത്തെ സുവര്‍ണ്ണയാത്രകളും
വിപ്ലവ വീര്യത്താല്‍ ജ്വലിച്ച നാളുകളും
കണ്ടറിഞ്ഞ വേദനകളും, ഒടുവില്‍ ,
യാന്ത്രികമായ ഒഴുക്കില്‍ പെട്ടുലഞ്ഞതും…

സുഖ ദുഃഖങ്ങള്‍ പങ്കുവയ്ക്കാനെത്തിയ
എന്നിലെ എനിക്കായ് ജീവിതം
ഹോമിക്കുന്ന സഹധര്‍മ്മിണിയും
നവലോകത്തിന്‍ ചടുലതകളില്‍ കാലിടറിയ
സ്വപ്നങ്ങളുടെ മാളികയില്‍ വളര്‍ന്ന സന്താനങ്ങളും …

ബാദ്ധ്യതയാകുന്ന വാര്‍ദ്ധക്യത്തിനു
കൂട്ടായി ഈ ഓര്‍മ്മകളും... ഒരു വേള ,
നിങ്ങളെന്നെ പിരിഞ്ഞെന്നാല്‍
ഞാനുമൊരോര്‍മ്മ മാത്രം … ആര്‍ക്കൊക്കെയോ
മറക്കുവാനുള്ള വെറു‌മൊരോര്‍മ്മ മാത്രം …

ഭയാനകമാം തമോഗര്‍ത്തങ്ങളില്‍
കൊള്ളിയാന്‍ പോല്‍ പാഞ്ഞെത്തുന്ന
ഇന്നലെകളുടെ ഒരു ചീന്തെങ്കിലും
ഇല്ലാത്തൊരു ദിനമുണ്ടായാല്‍ !
കഴിയുന്നില്ല ... ഓര്‍ക്കാന്‍ ... അതു‌ മാത്രം.

Thursday 28 August, 2008

പലായനം

ആല്‍മരങ്ങള്‍ തണല്‍ വിരിച്ച ഒറ്റയടിപ്പാതയിലൂടെ
ഏകാകിയായി നടന്നു നീങ്ങവേ
കാറ്റിലുലയുന്ന ഇലകള്‍ ചൊല്ലിയ
കിന്നാരങ്ങളൊന്നും കാതിലെത്തിയില്ലാ ...
പിന്നിട്ട വഴിയിലെ അസഹനീയമാം
ശബ്ദകോലാഹലങ്ങള്‍ അക്കഴിവെനിക്കന്യമാക്കിയിരുന്നു
ഇടയില്‍ ഞെരിഞ്ഞമാര്‍ന്ന
രോദനങ്ങളൊന്നുമതിനാല്‍ ശല്യമേതുമായില്ല ....

ആര്‍പ്പുവിളികള്‍ക്കൊടുവില്‍
ഹാരാര്‍പ്പണങ്ങള്‍ക്കൊടുവില്‍ വാക്കുകളാല്‍
അണികളെ അത്ഭുതലോകത്തേയ്ക്കുയര്‍ത്തിയതും
എല്ലാം കണ്ടു കണ്ണ് മഞ്ഞളിച്ചവര്‍
തലയില്‍ ചവുട്ടി നിന്നു താന്ഡവമാടിയതും
താഴെ വീണവരെ മെതിചൊതുക്കി
കൈയ്യൂക്കുള്ളവര്‍ ഉന്നതങ്ങളിലേയ്ക്ക് പോയതും....
ഭാരം താങ്ങാനാകാതെ , ശ്വാസം കഴിയ്ക്കാനാകാതെ
നിലവിളിച്ചതൊക്കെയും ബധിര കര്‍ണ്ണങ്ങളിലാണ്
പതിച്ചതെന്ന തിരിച്ചറിവും …
എന്നെയിന്നു പ്രേരിപ്പിക്കുന്നു … ഒരു തിരിഞ്ഞു നോട്ടത്തിന്നു ...

ഗൌളികള്‍ കൈവിട്ടതിനാല്‍ വീണിതില്ലൊരു മച്ചും
എലികള്‍ ഒഴിഞ്ഞിട്ടും തകര്‍ന്നതില്ലൊരു മലയും …
ശേഷം പ്രളയമെന്നോര്‍ത്തു നൌകകളെത്ര
പണിതു വച്ചു സ്വപ്നക്കോട്ടകളില്‍
പ്രളയത്തിന്നു പകരം തിരിച്ചറിവിന്‍
അഗ്നി ഒക്കെ വിഴുങ്ങിയതും ….

ഇന്നു , എല്ലാം വിട്ടെറിഞ്ഞു
ഈ രണഭൂവില്‍ നിന്നു
ചരിത്രത്താളുകളിലേയ്ക്ക് മടക്ക യാത്ര …
അവസാനിക്കാത്ത യാത്ര …
തുടക്കവും ഒടുക്കവുമില്ലാത്ത യാത്ര …

എന്തിനു വിധിയെ പഴിയ്ക്കുന്നു?

ഇടവപ്പാതിപോല്‍ തകര്‍ത്തു പെയ്തതീ
വിധി തന്‍ വിളയാട്ടം
ഇട നെഞ്ചിന്‍ കനല്‍ കെടുത്തുമെന്നാശിച്ച
ഇരച്ചാര്‍ത്തെത്തിയ പെരുമഴയില്‍
തകര്‍ന്നു തളിര്‍ നാമ്പുകളെല്ലാം …
കര്‍ത്തവ്യ നിര്‍വ്വഹണം മറന്നവര്‍
കാരണമായി കാട്ടുന്നതും വിധിയെന്നക്ഷരങ്ങള്‍ …

മറക്കാതിരിക്കാനായ് ,
മറന്നതോര്‍ക്കാനായ്
മധുപാനത്തില്‍ അഭയം തേടുന്നവര്‍
തകര്‍ത്തു കളയുന്നതും
പല പ്രതീക്ഷകള്‍ തന്‍ തളിര്‍ നാമ്പുകള്‍ …

ദുഖങ്ങളേറെ ഏറ്റുവാങ്ങിയവര്‍
പൊരുതി നേടിയതു വിജയമോ,
ആവേശങ്ങളടങ്ങിയ ജഢത്വമോ ?
ഓരോരോ തരികളായി മണ്‍കൂനകള്‍
സൃഷ്ടിക്കുന്നതീ കുഞ്ഞുറുമ്പുകള്‍ ...
സ്വപ്‌നങ്ങള്‍ കൊണ്ടു മലകള്‍ തീര്‍ക്കുന്നു…
ഒറ്റയ്ക്കാകില്ലെന്നാലും പൂര്‍ത്തിയാക്കുകയീ
കര്‍മ്മകാണ്ഡം

അമൃതേത്തിനായി അലങ്കാരമേറ്റുന്നവരും
അത്താഴപ്പട്ടിണി കൂടപ്പിറപ്പായവരും
അറിയുന്നുവോ … ജഠരാഗ്നി തന്‍ ചൂടൊന്നെന്നു ..
ആ ചൂടാറ്റാന്‍ വെറും വെള്ളം മാത്രം
നല്കി നേടിയത് വിദ്യ തന്‍ പടവുകള്‍ …
ചവുട്ടിക്കയറാനിനി ജീവിതത്തിന്‍
കാണാപ്പടവു‌കളെത്രയോ …

സഹായമെങ്ങു നിന്നാലും ആശ്വാസമെന്നാകില്‍
എന്തിനമാന്തമോതുന്നു മാനസം ?
എത്രയോ ജന്മങ്ങള്‍ പരതുന്നു -
സഹായ ഹസ്തങ്ങള്‍ക്കായി …
വൈയ്ക്കോല്‍ തുരുമ്പു പോലും
ഇരുമ്പു വടമായി കരുതുന്നവരെത്രയോ...

എന്നെത്തേടിയ കാലൊച്ചയകന്നകന്നു
പോയിട്ടുമെന്‍ മാനസമെന്തേ
പിടി തരാതലയുന്നു... ?
ഈ വള്ളിക്കു പടരാനൊരു
ചെറുകമ്പെങ്കിലും കിട്ടുമെന്നു
മോഹിച്ചതൊക്കെയും വിഫലമെന്നോ … ?
വിധിയെന്നക്ഷരങ്ങളെ കൂട്ടുപിടിക്കാനായി
എന്തിനു ഞാനെന്നെ കണ്ടില്ലെന്നു നടിക്കുന്നു ?

ഇല്ല , ഒരു മാത്ര ഞാനിടറിയാല്‍
ഇനിയൊരിക്കലും ഇവിടൊരു
പുതുനാമ്പ് തളിര്‍ക്കാതെ -
പോയാലീ ജന്മം പാഴായെങ്കിലോ ...?

Wednesday 27 August, 2008

സാന്ദ്രഗീതം

കടലിന്റെ മാറില്‍ ചായുന്ന സൂര്യാ ,
നിന്നെ വാരിയണയ്ക്കുന്ന ആഴിയുടെ ഹൃദയം
തുടിക്കുന്നത് അറിയുന്നുവോ നീ ?
തെങ്ങോലത്തലപ്പുകള്‍ക്കിടയിലൂടെ
അത് നോക്കിയിരിന്നുള്ള അവളുടെ
ചോദ്യം കേട്ടവവനൊന്നു പുഞ്ചിരിച്ചോ ?

പ്രഭാതത്തില്‍ എന്നെ വിട്ടു പിരിയുന്നവന്‍

വന്നണയുന്ന ഈ നിമിഷം മാത്രമെന്‍ പ്രതീക്ഷ
പകല്‍ മുഴുവനുള്ള കാത്തിരിപ്പിന്നൊടുവില്‍
എനിക്കിതു നിര്‍വൃതിയുടെ നിമിഷമെന്നു
കടല്‍ മന്ത്രിച്ചോ ?

നീയേകനായി അലയുന്നത് , വേദനയോടെ

നിന്നെത്തന്നെ നോക്കിയിരിക്കുന്ന ആഴി കാണുന്നതും
വാരിപ്പുണരാന്‍ മോഹിച്ചു കാത്തിരിക്കുന്നതും
നിന്നേകാന്തതയ്ക്കു വിരാമാമിടാനല്ലേ …

അറിയുന്ന സത്യം നീയെന്തിനു മറയ്ക്കുന്നു

കടലിന്‍ തുടിപ്പറിയുന്ന നീയെന്തിന്നകലുന്നു
പ്രഭാതത്തില്‍ ? അലയുന്നേകനായ് ?
അറിയാം …. എന്നാലുമെന്‍ കടമകള്‍
എന്നോ നിന്‍ മൌനത്തിന്‍ അര്‍ത്ഥം ?

അവരാരെന്നു അവര്‍ പറയാതെ തന്നെ

നമ്മള്‍ അറിയുന്നുവെന്നു , തഴുകി തലോടി
കടന്നു പോയോരിളം കാറ്റവളുടെ കാതില്‍
മെല്ലെയോതിയപ്പോള്‍ ആഴിപ്പരപ്പിലെ
അരുണശോഭയവളുടെ കവിളിണകളിലേക്ക്
പകര്‍ന്നപ്പോള്‍ അറിയാതൊരു പുഞ്ചിരി വിരിഞ്ഞൂ ചുണ്ടില്‍ …

വീണ്ടു വിചാരം

എന്റെ പൂങ്കാവനത്തിലെ ഒരു പുഷ്പവും
ആര്‍ക്കും കൊടുക്കാതെ കാത്തുസൂക്ഷിച്ചു
പൂക്കള്‍ ചോദിച്ചവരെയൊക്കെ ആട്ടിയോടിച്ചു
നട്ടു പരിപാലിച്ച എനിക്കല്ലേ പൂക്കള്‍ ?
എന്റെ നയനങള്‍ക്ക് വിരുന്നൊരുക്കാനല്ലേ
അവയൊക്കെയും വിരിയുന്നത് …
കൊടുത്തില്ല ഒന്നു പോലുമാര്‍ക്കും …

തൊട്ടു തലോടീ ആ പനിനീര്‍ മൊട്ടിനെ
നാളെ , എനിക്ക് കണിയായി വിരിയുമത്
സ്വപ്നം കണ്ടുറങ്ങി ഞാന്‍ …
പ്രഭാതത്തിലെ കാഴ്ച കണ്ടെന്‍
ഹൃദയം നുറുങ്ങീ … എന്റെ പൊന്‍ കണിയെവിടെ ?

പൊട്ടിച്ചിരി കേട്ടു നോക്കിയ ഞാന്‍ കണ്ടു
എന്റെ പ്രണയിനി , എല്ലാമെല്ലാമായവള്‍
തലയില്‍ ചൂടിയ പൂവ് കാട്ടിയവള്‍ കുണുങ്ങി ചിരിച്ചു
കലി കൊണ്ടു വിറച്ച ഞാന്‍ , ഒറ്റ വെട്ടിനാ തല താഴെയിട്ടു ..
ഇനിയെന്റെ പൂക്കളെല്ലാം സുരക്ഷിതം …
എനിക്ക് സ്വന്തം … എന്റെ മാത്രം …

ഒരു നിമിഷം , ഒരു നിമിഷാര്‍ദ്ധം
ഉള്ളിലൊരു മിന്നല്‍പ്പിണര്‍ പാഞ്ഞതു പോല്‍
മൊട്ടില്‍ നിന്നു കൈ പിന്‍‌വലിച്ചു
ശിരസ്സിനുള്ളില്‍ ആയിരം വണ്ടുകള്‍ ഒന്നിച്ചു മൂളുന്നു ..
ഈ പൂമൊട്ടു എന്റെ പ്രണയിനിയെ കൊല്ലിക്കുമെന്നോ ?
ഈ കൈയാല്‍ അവള്‍ക്കു ജീവഹാനിയോ ?
പതുക്കെ നുള്ളിയെടുത്തൂ ആ പൂമൊട്ട് ,

ഞാനിതെടുത്താല്‍ അവള്‍ രക്ഷപെടുമല്ലോ ..
പൂമൊട്ടും പ്രണയിനിയും എനിക്ക് സ്വന്തം …
എന്റെ മാത്രം ...

മറവി

നഷ്ട നിമിഷങ്ങള്‍ ഓര്‍മ്മയുടെ
അതിര്‍ വരമ്പുകള്‍ വേര്‍തിരിക്കുമ്പോള്‍
ഇന്നലെകളുടെ മൃതശരീങ്ങള്‍
ഇന്നുകള്‍ മറയ്ക്കുന്നു , മറവിയിലാണ്ട
നിമിഷങ്ങള്‍ തേടി ഞാനിനി
നാളെയുടെ തീരത്തലയണമോ ?
നാളെകള്‍ രക്ഷിക്കുമെന്നാഗ്രഹിക്കുവാന്‍

എന്ത് പുണ്യങ്ങള്‍ ഉണ്ടെനിക്ക് ?
ഓര്‍മ്മചെപ്പുകള്‍ക്കു മങ്ങലേല്‍ക്കുമ്പോള്‍
ബോധാബോധങ്ങള്‍ തമ്മില്‍ തല്ലുമ്പോള്‍
ഇന്നുകളും വിസ്മ്രുതിയിലാകുന്നു

വേദാന്തങ്ങളുടെ തിളക്കത്തില്‍ പോലും
മിന്നിപ്പൊലിയുന്നു ഓര്‍മ്മകള്‍ ,
ഓടിയകലുന്നു ദൃശ്യങ്ങള്‍ ,
എല്ലാമെന്‍ വിഭ്രമങ്ങളോ ?
മനസ്സിന്‍ ജല്പനങ്ങളോ ?

നാഗരികതയ്ക്ക് നടുവിലും
കാനന പാതയിലെന്ന തോന്നല്‍ ,
പ്രതീകങ്ങള്‍ …. മാറ്റി മറിക്കുന്നു കാഴ്ചകള്‍
ഇതെല്ലാം പകലു പോലെ സത്യമെങ്കില്‍ ,
തമസ്സിന്‍ കാഠിന്യം ചോദിപ്പിക്കുന്നു ,
ഇന്നു പകല്‍ ഉണ്ടായിരുന്നുവോ ?

Tuesday 26 August, 2008

ചോദ്യങ്ങള്‍ മാത്രം

കഠാരത്തുമ്പില്‍ നിന്നിറ്റു വീണ
രക്തത്തുള്ളികള്‍ നൊട്ടിനുണയാന്‍
മത്സരിച്ചവര്‍ , അതിനായി
പൊരുതി മരിച്ചവര്‍ ,
ബാക്കിയായ ചോരയിറ്റിയ
മണ്ണിന്റെ നിലവിളികള്‍ ...
കേള്‍ക്കാനാളില്ലാത്ത നിലവിളികള്‍
സ്വയ രക്ഷയ്ക്കെന്നു തെറ്റിദ്ധരിച്ചവരേറെ.

മാംസം തുളച്ചു കയറുമ്പോഴാ
ഇരുമ്പു കഷണം തേങ്ങിയതും
ശില്പ ഭംഗിയാര്‍ന്ന പിടിയിലമര്‍ന്ന
വിരലുകളാ തുടിപ്പറിയാതെ
പോയതുമാരുടെ ദൌര്‍ഭാഗ്യം?

ആലയിലുരുകുന്ന ഇരുമ്പിലൂടെ
രൂപമെടുക്കുന്ന കഠിന ഹൃദയങ്ങള്‍
ഏതു മാറു പിളര്‍ക്കണമെന്നറിയാതെ
പായുമ്പോള്‍ , ഓര്‍ക്കുക,
പേയ് പിടിച്ച ഈ പ്രയാണങ്ങള്‍

മാതൃ ഹൃദയങ്ങളാണു
വെട്ടിക്കീറുന്നതെന്നു …

ദിഗന്തങ്ങള്‍ നടുങ്ങുന്ന
സംഭവങ്ങള്‍ ആഘോഷങ്ങളാക്കുവാനും
അതിലൂറുന്ന വേദനയില്‍
ലയിച്ചു ചേരുവാനും
കൂട്ടിനീ ഇരുമ്പു കഷണവും …

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
ചോദിച്ചു മടുത്ത ഞാനിനി
പോകുന്നു …
വേണമെനിയ്ക്കുത്തരങ്ങള്‍ …
ഹൃദയത്തുടിപ്പുകള്‍ക്കുത്തരങ്ങള്‍ …

ഒരു സാധാരണ കാത്തിരിപ്പ്

കൃഷ്ണതുളസി ക്കതിരൊന്നു
കാത്തു വച്ചു നിനക്കായ് …
എന്തേ കണ്ണാ നീ വന്നീലാ … ?
കണിക്കൊന്ന പൂക്കളിറുത്തു
കാത്തിരുന്നു ഞാന്‍
എന്തേ വന്നീലാ നീ …?

ചുണ്ടിലൂറിയ ഗാനമൊന്നു
പാടാതെ കാത്തു ഞാന്‍
നീയെന്നരികിലണയും നേരം
എന്‍ ഹൃദയ താളമായി
നിന്നിലര്‍പ്പിക്കാന്‍.

ഗോപികമാര്‍ വിടാത്തതിനാലോ ?
വെണ്ണപ്പാത്രം ആരുമറിയാതെ
തുറക്കാന്‍ കാത്തതിനാലോ ?
രാധ തന്‍ പ്രേമാമൃതത്തില്‍
മയങ്ങിയതിനാലോ … ?
എന്തേ നീ വന്നീല കണ്ണാ …

നിനക്കേറെ പ്രിയങ്കരമാം അവില്‍
എന്‍ പ്രേമ മധുരം ചേര്‍ത്തു
പാകപ്പെടുത്തി വച്ചിരുന്നു കണ്ണാ …
എന്നുമിതൊക്കെയിവിടെ,
നിനക്കായ് … വരിക …
ഗോപികമാര്‍ മയങ്ങും
നേരമെങ്കിലു‌മെന്നരികില്‍ …
ഒരു മാത്ര വരികയെന്‍ കണ്ണാ …

ശാരീ …മാപ്പ്

എന്തിനായി നൊമ്പരപ്പെടുന്നു മാനസം
എന്തിനായി തേങ്ങുന്നു തംബുരു
അനുദിനം ഏറുന്ന നൊമ്പരം
കുറ്റബോധതിന്റെതോ ?…

കരിന്തിരി കത്തുമ്പോഴും പ്രതീക്ഷ
എണ്ണ പകരാന്‍ ഒരു ജന്മപുണ്യത്തെ .
എവിടെ പിഴയ്ക്കുന്നു ചുവടുകള്‍

അവിടെ ഉയരുന്നു പുകച്ചുരുളുകള്‍
സര്‍വ്വവും മൂടുന്ന, ശ്വാസം മുട്ടിക്കുന്ന പുക
ശാസനകള്‍ തിരസ്കരിച്ചു പാഞ്ഞിടുന്ന
അബോധ മനസ്സു തളര്‍ത്തുന്നു ബോധത്തെ,
ഒരു നാടിന്‍ ബോധത്തെ …

ഞാനും ഈ സമൂഹവും എല്ലാവരും
നിന്‍ ചുറ്റിലും ഉണ്ടായിരുന്നിട്ടും
അഷ്ടദിക്കിലും കാവല്ക്കാരുണ്ടായിരുന്നിട്ടും
കഴിഞ്ഞില്ലല്ലോ ...
നിന്റെ മാനത്തിനും ജീവനും
വില പറഞ്ഞവരെ തടയാനായില്ലല്ലോ …

നിയമം നിയമത്തിന്റെ വഴിക്കും
ഞങ്ങളൊക്കെ ഞങ്ങളുടെ വഴിക്കും പോയപ്പോള്‍
മരണമെങ്കിലും നിന്നെ ആസ്വസിപ്പിച്ചല്ലോ …
പ്രിയസോദരി ശാരീ … മാപ്പ് ….മാപ്പ് ….

ആത്മാവ് നഷ്ടമായ എന്‍ സമൂഹമേ
എനിക്കെന്നോടും നിന്നോടും ഇതേ ചോദിക്കാനുള്ളൂ …
ആത്മസത്ത ചോര്‍ന്നാല്‍ പിന്നെ ബാക്കിയെന്തു ?
ആത്മ ചൈതന്യമില്ലാതായാല്‍ ജഡമല്ലാതെന്തു ?
കുറ്റബോധത്തിന്‍ അഗ്നി നാമ്പുകളെങ്കിലും
ഈ ജഡം ദഹിപ്പിച്ചിരുന്നുവെങ്കില്‍ ….

തീരം തേടി

കുഞ്ഞോടത്തിലലയുന്നേകനായി തീരം തേടി
ഒരു വിളി കൊണ്ട് , ഒരു വെളിച്ചം കൊണ്ട്
കാണിച്ചു തരൂ തീരം
പങ്കായമൊന്നു കിട്ടിയിരുന്നുവെങ്കില്‍
ഈ കൈകാലുകളൊന്നു ബന്ധന മുക്തമായെങ്കില്‍
നിനച്ചു പോകുന്നു വെറുതെയെങ്കിലും

ഉള്ളിലെ തീവ്രതകളൊക്കെ മറച്ചു
ശാന്തമായ കുഞ്ഞോളങ്ങളെ
പുറത്തു കാണിച്ചു ആഴിയും
നിശ്ശബ്ദത പാലിക്കുന്നതെന്തേ ?

എത്രയോ പ്രണയങ്ങള്‍ക്ക് സാക്ഷിയായ
നീയിന്നുമെത്രയോ പേരെ സയൂജ്യരാക്കുന്നു
മോഹിപ്പിക്കുന്ന തിരമാലകള്‍ നീട്ടി
പാല്‍നുര ചിതറി പുഞ്ചിരിക്കുന്നു നീ
നിന്നിലലിയുന്നവരെയൊക്കെ ഏറ്റെടുക്കുന്നു

നിന്‍ മോഹ വലയത്തില്‍ പെട്ടോ
ക്രൂരനാം വിധിയുടെ വിളയാട്ടത്താലോ
എത്തിച്ചേര്‍ന്നിതാ ഞാനും
തുഴ പോലുമില്ലാതൊരോടത്തില്‍

അസ്തമയ സൂര്യന്റെ പ്രഭാപൂരത്തില്‍
സുന്ദരിയായി നീ തിളങ്ങുമ്പോഴും
പാതിരാവില്‍ പാല്‍നിലാവില്‍ മുങ്ങി
മദാലസയായി വിളങ്ങുമ്പോഴും
കാണുന്നില്ലയോ ഈ ഏകാന്ത പഥികനെ ?

ബന്ധങ്ങളുടെ കണ്ണികള്‍ ചേര്‍ന്നൊരുക്കിയ
ചങ്ങല ബന്ധിച്ചതീ കൈകാലുകള്‍
ഇതു മുറിക്കാനുള്ള അഗ്നി തേടിയലഞ്ഞു നാളുകള്‍
അറിഞ്ഞു , എല്ലാം പാഴ് വേലകള്‍
കുരുക്കുകള്‍ മുറുക്കി ചങ്ങല ചിരിച്ചപ്പോള്‍
ഒരിറ്റു കണ്ണീര്‍ പോലും നല്‍കാതെ
ചതിച്ചു കണ്ണുകളും
ആ കൂട്ടത്തില്‍ നീയും ചേരുന്നുവോ ?
മരവിച്ചോ നിന്‍ മനസ്സും ?

തണുത്തുറഞ്ഞ ഹൃത്തിന്നൊരല്പം
ചൂടുപകരാന്‍ കെഞ്ചി ഞാനെന്നും സൂര്യനോട്‌
ഇനി വേണ്ടോന്നുമേ , മരവിച്ചു ഈ മനസ്സും ...
മുള്ളിനെ മുള്ള് കൊണ്ടെന്ന പോല്‍ തണുപ്പിക്കൂ ഇനിയും ,
നിന്നന്തരാത്മാവില്‍ വിലയം കൊള്ളാന്‍ അനുവദിക്കൂ …
ഏറ്റുവാങ്ങൂ ഈ ജന്മത്തെ ഒരു വേള ,
എത്തിക്കൂ തീരത്തീ കുഞ്ഞോടം …

നീ വരില്ലേ ... ?

കല്‍വിളക്കില്‍ നെയ്ത്തിരി തെളിയ്ക്കാനായി
വരു നീ പ്രിയേ
കാത്തിരിപ്പൂ ഞാന്‍ തിരിയായ്
നിന്‍ കൈയാല്‍ എരിയാനായ്

നിന്‍ മാനസത്തില്‍ പ്രഭ ചൊരിയാനായ്
ജന്മങ്ങളായി കാത്തിരിപ്പൂ
എരിഞ്ഞു തീര്‍ന്നാലും സ്മരണകളാല്‍
ഹൃത്തിലൊളി പടര്‍ത്താം
നിന്നിലലിയാം ജീവനായ്

അഷ്ടപദിയുടെ താളത്തില്‍
ലയിച്ചു നീ നിന്ന നാളുകള്‍
കാത്തു ഞാനീ വിളക്കിന്നരികില്‍
എന്തേ വന്നീലാ കളവാണീ ?

അണിയു പ്രിയേ ഈ ചിലങ്കകള്‍
നിന്‍ പാദപത്മത്തില്‍ അലങ്കാരമായി
നിന്‍ നടനത്തില്‍ താളമാകാനായി
കാത്തിരിപ്പൂ സുന്ദരീ ചിലങ്കയായി ഞാന്‍ ..

പൂവുകള്‍ തോറും വണ്ടായി
പാറിനടന്നു ഞാന്‍
ഏതെങ്കിലുമൊന്നു നീ ചൂടുമെന്നോര്‍ത്തു.
ഞാന്‍ മധു നുകര്‍ന്നോരു പൂവെങ്കിലും
നിന്‍ കൂന്തലേറിയാല്‍ ധന്യമായീ ജീവിതം …

ഗുണമേന്മ

എവിടെ നിന്നും വാങ്ങുമവര്‍?
ഏതു തരം വാങ്ങുമവര്‍?
ഉത്കണ്ഠയോടെ കാത്തു അയാള്‍...
ഇതുവരെയും എന്തും ഏതും
സ്വന്തമായെ വാങ്ങിയിരുന്നുള്ളൂ
ഇന്നാദ്യമായി അയാള്‍ക്ക് വേണ്ടി
മറ്റൊരാള്‍ പോയിരിക്കുന്നു...

ഗുണമേന്മയ്ക്കൊപ്പം വിലക്കുറവും
നിര്‍ബന്ധമായിരുന്നു അയാള്‍ക്ക്‌
ചീപ്പു കിട്ടിയാല്‍ ഏതു സോപ്പും
വാങ്ങിയിരുന്നില്ല

ഗുണമില്ലാത്തത് ഉപയോഗിക്കാന്‍
ഞാനൊരു വിലയില്ലാത്തവന്‍ അല്ല
എപ്പോഴും ഓര്‍മ്മപ്പെടുത്തി എല്ലാരേയും ...
അവരിന്നു ഏതു തരം വാങ്ങും?
മനസ്സിനെ അടക്കാന്‍ കഴിയുന്നില്ല
മോശമാണെങ്കില്‍, ഭംഗി ഇല്ലെങ്കില്‍
ഉപയോഗിക്കില്ല ഞാന്‍...

ഒടുവില്‍ പോയവര്‍ തിരിച്ചെത്തി
ബന്ധുക്കള്‍ അതു താങ്ങിയെടുത്ത്
അയാളുടെ അടുത്തു വച്ചു..
അയാള്‍ നോക്കി, കിടന്ന കിടപ്പില്‍
കൊള്ളാം നല്ല പെട്ടി, നല്ല തടി..
നല്ല പണി...നല്ല ഭംഗി...

ചുറ്റും ഉയരുന്ന കരച്ചിലുകള്‍ കേട്ടില്ല
കണ്ണീരോടെ മിത്രാദികള്‍ ചേര്‍ന്നു
താങ്ങിയെടുത്ത് അതില്‍ കിടത്തുമ്പോള്‍
അഭിമാനത്തോടെ ഓര്‍ത്തയാള്‍
ഈ ശവപ്പെട്ടിയില്‍ കിടക്കാനും വേണം ഭാഗ്യം...

ചുവപ്പ്...

എന്റെ ചിന്തകളിലും സിരകളിലും ചുവപ്പാണ് ..
ചുറ്റും ഒഴുകി പരക്കുന്ന ചുടുചോരയുടെ ചുവപ്പ്..
എങ്ങും ചിതറി കിടക്കുന്നത്
വെട്ടി മുറിച്ച ശരീര ഭാഗങ്ങളാണ്..

കബന്ധങ്ങളുടെ മുകളില്‍ പടുത്തുയര്‍ത്തിയ
മണി മാളികകളില്‍ സിംഹാസനം ഉറപ്പിക്കാന്‍
ഭരണകൂട വ്യാളികള്‍ വീണ്ടും വീണ്ടും
കുരുതികള്‍ നടത്തുന്നൂ.. രക്തമൊഴുക്കുന്നൂ ...

ഗര്‍ഭിണിയുടെ വയര്‍ കുത്തിക്കീറി
ആ ശിശുവിനെ പോലും കൊത്തി നുറുക്കുന്നൂ കാട്ടാളര്‍...
ജീവനോടെ ച്ചുട്ടെരിക്കുന്നൂ വൃദ്ധരെ പോലും...
ചുറ്റും പരക്കുന്ന രക്ത ചുവപ്പില്‍ ഞാന്‍ മുങ്ങി പോയിരിക്കുന്നൂ..
ചിന്നി ചിതറിയ കുഞ്ഞുങ്ങളുടെ ദേഹങ്ങള്‍

കണ്ടെന്റെ മനസ്സു മറവിച്ചിരിക്കുന്നൂ..
ശിശുരോദനങ്ങള്‍ എന്റെ ഉറക്കം കെടുത്തുന്നൂ..

വര്‍ഗ്ഗീയ വിഷം വമിപ്പിക്കുന്ന പുരോഹിത വൃന്ദം,
അനുസരിക്കാന്‍ എല്ലാ വര്‍ണ്ണങ്ങളും, വര്‍ഗ്ഗങ്ങളും...
വയ്യ...പിടയുന്ന ശരീങ്ങള്‍...

ദേഹി പിരിയുന്ന ദേഹത്തിന്‍ പിടച്ചില്‍...കരളുരുക്കും ദൃശ്യങ്ങള്‍...
വിറ്റു കാശാക്കാന്‍ മല്‍സരിക്കുന്ന മാദ്ധ്യമങ്ങള്‍ ...

അറിയുന്നില്ല കൊല്ലപ്പെടുന്നവന്‍...കൊല്ലുന്നവനും..
എന്തിന് വേണ്ടി ഇതെന്ന്...
കബന്ധങ്ങളിലും പിടയ്കുന്ന ശരീര ഭാഗങ്ങളിലും തട്ടി-

വീണെന്റെ ദേഹം മുഴുവന്‍ ചുവപ്പാണ്...
നിറയുന്നൂ എന്‍ ചിന്തളില്‍ പോലും..ചുവപ്പ്...ചുവപ്പ്...
ഇല്ല മോചനം ... ഈ പേയ്കിനവുകളില്‍ നിന്നു...

അനുവാദമില്ലാതെ പ്രവേശിക്കരുത്...

അനുവാദമില്ലാതെ പ്രവേശിക്കരുത്...
ആ ബോര്‍ഡില്‍ നോക്കി നെടുവീര്‍പ്പോടെ
കാത്തിരിക്കുന്നൂ ഞാന്‍ അനുവാദത്തിന്നായി
നാഴികകള്‍ പലതായി ഇരിപ്പ് തുടരുന്നൂ..
അധികാരിയെ കാണാന്‍ നിരനിരയായി കാത്തിരിക്കുന്നവര്‍
ആള്‍ക്കൂട്ടത്തില്‍ തനിയെ ഈയുള്ളവനും...

അനുവാദം നല്കി കടത്തി വിടാനായി ഗംഭീരനാം ശിപായിയും
"വലിയവര്‍" പലരും വരുന്നു പോകുന്നു
ഈ പാവങ്ങള്‍ നെടുവീര്‍പ്പോടെ കാത്തിരുന്നു....
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാത്തിരുപ്പ്...
പട്ടിണിപ്പാവങ്ങളെ കാത്തിരുത്തുന്നതും ഇവര്‍ക്ക്‌ ഹരമോ?

അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചു ഞങ്ങളിവിടെ ഇരിക്കുമ്പോള്‍

ലഘുഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്നൂ
'വലിയവരുടെ' ശിങ്കിടികള്‍ ...
ആഘോഷങ്ങള്‍ പങ്കിടുന്നു...കാര്യങ്ങള്‍ സാധിക്കുന്നൂ..

ഒടുവില്‍ അകത്തേയ്ക്കു പോയ ശിപായി

നിലവിളിയോടെ പുറത്തേയ്ക്ക് ഓടുന്നു,
പലരും ഓടിക്കൂടുന്നു.. എത്തിനോക്കീ ഉള്ളിലേക്ക്
ആകാംക്ഷയോടെ...എന്തേ ? എന്തു സംഭവിച്ചു?

കസേരയില്‍ ചാഞ്ഞു കിടക്കുന്നു അധികാരി...

കണ്ണുകള്‍ കൂമ്പിയടഞ്ഞിരിക്കുന്നു..വായ കോടിയിരിക്കുന്നു...
ശിപായിയെ കാണാതെ, ഈ ബോര്‍ഡ് വായിക്കാതെ,
വായിച്ചിട്ടും അനുവാദം വാങ്ങാതെ, അവനെപ്പോഴെത്തീ?
എവിടെ ഏത് സമയവും എത്താന്‍ കഴിവുള്ളവന്‍....
സ്ഥലകാല ബോധമില്ലാത്ത കോമാളി...
അറിയില്ല , ഇവിടെയും അങ്ങനെ വിളിക്കാമോ?

അനുവാദമില്ലാതെ വരുന്നവനെ കാണാന്‍,

അവനൊപ്പം പോകാന്‍, നമ്മുടെ അനുവാദം
ആവശ്യമില്ലല്ലോ അവന്...
എന്തിനീ പത്രാസ്സുകള്‍ ചുമക്കുന്നു നാം...?

തല കുമ്പിട്ടു തിരിഞ്ഞു നടക്കുമ്പോള്‍ ഓര്‍ത്തു ഞാന്‍..

ഈ അതിക്രമിച്ചു കടക്കല്‍, എങ്ങനെ ഉള്‍ക്കൊള്ളുമാ കുടുംബം?
പാവങ്ങളുടെ കുടുംബങ്ങള്‍ ഓര്‍ക്കപ്പെട്ടില്ലെങ്കിലും...
പാവങ്ങള്‍ക്കിതൊക്കെ ഓര്‍ക്കാതിരിക്കാനാകില്ലല്ലോ?

Saturday 16 August, 2008

ഏകാന്തത

പാതിവഴിയിലെവിടെയോ നിന്നു പോയ
ജീവിതംഎങ്ങനെ നയിക്കുവാന്‍ മുന്നോട്ടെന്ന ...
ആലോചനകള്‍ നീളുന്നു രാവേറെ ചെല്ലുവോളവും...
അലഞ്ഞു തീര്‍ത്ത പാതകളൊക്കെയും
പടു‌വഴികളായിരുന്നു എന്നറിവിന്‍ നൊമ്പരത്തോടെ ...

ഉള്ളിലെ തീയ് മുഴുവന്‍ എഴുതി തീര്‍ത്തൂ
വേദികള്‍ പലതില്‍ പറഞ്ഞു തീര്‍ത്തൂ
ഒടുവില്‍ കൂട്ടുകാര്‍ പിരിഞ്ഞു കൂടണയുമ്പോള്‍
ഏകാന്തയുടെ നിശബ്ദതയെ ഭേദിക്കുവാന്‍
ഇടയ്ക്കിടെ പരിചാരകനെ ഉറക്കെ വിളിച്ചും ...
ഒക്കെ മനസ്സിലാക്കുന്നവന്‍...വീണ്ടും വീണ്ടും വിളിപ്പിച്ചും...

അന്നന്നത്തെ അനുഭവങ്ങള്‍ കുറിച്ചു വച്ചു..
കുറിച്ചതൊക്കെ ആര് കാണാന്‍? ...
കേള്‍ക്കാനാളില്ലെങ്കില്‍ കുറിക്കുകയല്ലാതെ വേറെന്തു വഴി?
ഒറ്റയ്ക്ക് ജീവിച്ചാല്‍ എന്ത് കുഴപ്പം? വെല്ലുവിളിച്ചൂ വീട്ടുകാരെ,
സമൂഹത്തെ, വ്യവസ്ഥിതിയെ...

വെല്ലുവിളി ഏറ്റെടുത്തവര്‍ എന്നെ നിശബ്ദനാക്കിയെന്നു
ഞാനിന്നു മനസ്സിലാക്കുന്നു...മറ്റുള്ളവര്‍ക്ക്‌ ഞാനിന്നൊരു വിജയി ..
ഒറ്റയ്ക്ക് ജീവിച്ച തന്റേടി ... പക്ഷെ, അറിയുന്നൂ
മറന്നു പോയ കടമകളെ, എന്റെ ബാധ്യതകളെ..
വീട്ടുകാരോടു, സമൂഹത്തോട് കടമകള്‍ തീര്‍ക്കാത്തവന്‍ ഞാന്‍....

പറയുന്നില്ലാരും അതൊക്കെയും ...
അവരോട് പറയുവാനാഗ്രഹിക്കുന്നു ഞാനിന്നു...
പക്ഷെ ഞാന്‍ .... ആരുമറിഞ്ഞില്ലെന്‍ നൊമ്പരം..
അറിയിക്കുവാന്‍ എനിക്കാവുകയുമില്ല..
മൌന നൊമ്പരങ്ങളുടെ തീച്ചൂളയില്‍ ഇന്നുരുകുന്നു ഞാന്‍...

ഒരു തലോടല്‍..സ്നേഹ സ്പര്‍ശം...സാന്ത്വനം...
ഒകെയ്ക്ജായി തുടിക്കുന്നൂ മനം... കൊഞ്ചലുകള്‍ കേള്‍ക്കാന്‍ ...
ഒക്കെ മറക്കാന്‍ കൊതിക്കുന്നൂ ഉള്ളം..
ഇന്നു ഞാന്‍ തിരിച്ചറിയുന്നൂ ... ഇല്ല, ആരുമെന്‍ ചുറ്റിലും
ഇതു പോലില്ല, വിരളമായല്ലാതെ ...
എന്തിനീ വേറിട്ട വഴി തിരഞ്ഞെടുത്തൂ ഞാന്‍...?
വാശിയോടെ വാദിച്ച നാളുകള്‍ ...പലമുഖങ്ങളും മറന്നൂ ഞാന്‍..

എന്നെ തേടിയകണ്ണുകളെ കണ്ടില്ലെന്ന് നടിച്ചു..
പുച്ഛത്തോടെ ഒക്കെ തട്ടിയെറിഞ്ഞൂ...
എന്‍ കാല്‍ക്കീഴില്‍ വീണുടഞ്ഞ ചില്ല് പാത്രങ്ങളുടെ
ചെറിയ തരികള്‍ പോലുമിന്നെന്റെ ഹൃദയത്തെ കീറി മുറിക്കുന്നൂ ...
നിണമൊഴുകുന്നൂ ചുറ്റിലും..

യുവത്വതിന്‍ തിളപ്പായിരുന്നു, അഗ്നിയായിരുന്നു മനസ്സില്‍..
ഇന്നതൊക്കെ തിളച്ചു തൂവിപ്പോയിരിക്കുന്നൂ..
എങ്കിലുമാവര്‍ത്തിക്കുന്നൂ ... പഴയ അതെ വാശിയോടെ ....
വെറുതെയെന്നറിഞ്ഞിട്ടും ...

പ്രഭാതത്തില്‍ തന്നെയെത്തുന്നൂ സുഹൃത്തുക്കള്‍..
എഴുത്ത്, വായന, സംവാദം...സദസ്സുകള്‍ പലതു കഴിഞ്ഞു
വീണ്ടുമെത്തുന്നു ഞാനീ കൂട്ടില്‍.....ഒളിപ്പിക്കുന്നു മുഖം ഞാന്‍....
ഇന്നിന്റെ ഞാന്‍...നാളെ എനിക്ക് പോലും വേണ്ടാതാകുന്ന ഞാന്‍...
അറിയുന്നൂ ആ സത്യം...ഉള്ളം പൊള്ളിക്കുന്ന നേരിന്റെ നേര്..
അടയുന്നൂ മിഴികള്‍... പരക്കുന്നൂ ചുറ്റും നിശ്ശബ്ദത....