Thursday 28 August, 2008

എന്തിനു വിധിയെ പഴിയ്ക്കുന്നു?

ഇടവപ്പാതിപോല്‍ തകര്‍ത്തു പെയ്തതീ
വിധി തന്‍ വിളയാട്ടം
ഇട നെഞ്ചിന്‍ കനല്‍ കെടുത്തുമെന്നാശിച്ച
ഇരച്ചാര്‍ത്തെത്തിയ പെരുമഴയില്‍
തകര്‍ന്നു തളിര്‍ നാമ്പുകളെല്ലാം …
കര്‍ത്തവ്യ നിര്‍വ്വഹണം മറന്നവര്‍
കാരണമായി കാട്ടുന്നതും വിധിയെന്നക്ഷരങ്ങള്‍ …

മറക്കാതിരിക്കാനായ് ,
മറന്നതോര്‍ക്കാനായ്
മധുപാനത്തില്‍ അഭയം തേടുന്നവര്‍
തകര്‍ത്തു കളയുന്നതും
പല പ്രതീക്ഷകള്‍ തന്‍ തളിര്‍ നാമ്പുകള്‍ …

ദുഖങ്ങളേറെ ഏറ്റുവാങ്ങിയവര്‍
പൊരുതി നേടിയതു വിജയമോ,
ആവേശങ്ങളടങ്ങിയ ജഢത്വമോ ?
ഓരോരോ തരികളായി മണ്‍കൂനകള്‍
സൃഷ്ടിക്കുന്നതീ കുഞ്ഞുറുമ്പുകള്‍ ...
സ്വപ്‌നങ്ങള്‍ കൊണ്ടു മലകള്‍ തീര്‍ക്കുന്നു…
ഒറ്റയ്ക്കാകില്ലെന്നാലും പൂര്‍ത്തിയാക്കുകയീ
കര്‍മ്മകാണ്ഡം

അമൃതേത്തിനായി അലങ്കാരമേറ്റുന്നവരും
അത്താഴപ്പട്ടിണി കൂടപ്പിറപ്പായവരും
അറിയുന്നുവോ … ജഠരാഗ്നി തന്‍ ചൂടൊന്നെന്നു ..
ആ ചൂടാറ്റാന്‍ വെറും വെള്ളം മാത്രം
നല്കി നേടിയത് വിദ്യ തന്‍ പടവുകള്‍ …
ചവുട്ടിക്കയറാനിനി ജീവിതത്തിന്‍
കാണാപ്പടവു‌കളെത്രയോ …

സഹായമെങ്ങു നിന്നാലും ആശ്വാസമെന്നാകില്‍
എന്തിനമാന്തമോതുന്നു മാനസം ?
എത്രയോ ജന്മങ്ങള്‍ പരതുന്നു -
സഹായ ഹസ്തങ്ങള്‍ക്കായി …
വൈയ്ക്കോല്‍ തുരുമ്പു പോലും
ഇരുമ്പു വടമായി കരുതുന്നവരെത്രയോ...

എന്നെത്തേടിയ കാലൊച്ചയകന്നകന്നു
പോയിട്ടുമെന്‍ മാനസമെന്തേ
പിടി തരാതലയുന്നു... ?
ഈ വള്ളിക്കു പടരാനൊരു
ചെറുകമ്പെങ്കിലും കിട്ടുമെന്നു
മോഹിച്ചതൊക്കെയും വിഫലമെന്നോ … ?
വിധിയെന്നക്ഷരങ്ങളെ കൂട്ടുപിടിക്കാനായി
എന്തിനു ഞാനെന്നെ കണ്ടില്ലെന്നു നടിക്കുന്നു ?

ഇല്ല , ഒരു മാത്ര ഞാനിടറിയാല്‍
ഇനിയൊരിക്കലും ഇവിടൊരു
പുതുനാമ്പ് തളിര്‍ക്കാതെ -
പോയാലീ ജന്മം പാഴായെങ്കിലോ ...?

No comments: