Tuesday 9 September, 2008

പഴങ്കഥകള്‍

പാപങ്ങള്‍ പായല്‍ മേലാട തീര്‍ത്ത
കുളത്തില്‍ നിന്നുയിരും കൊണ്ടു
പുറത്തു ചാടിയ കുഞ്ഞു മീനുകളുടെ
മുള്ളുകള്‍ പനഞ്ചുവട്ടില്‍
കൂനയാക്കിയ കൊറ്റികളുടെ
കൊക്കും കാലും ബാക്കിയാക്കിയ
കഴുകന്റെ ശവം അലങ്കാര വസ്തുവായി
ഭിത്തിയില്‍ തൂങ്ങുന്നു
ഇതൊരു പഴങ്കഥ .

പായല്‍ തിന്നാതെ
ശ്വാസം കിട്ടാതെ
പിടഞ്ഞു മരിച്ച
മീന്‍ കുഞ്ഞുങ്ങളുടെ ശവം
മറവു ചെയ്യാന്‍ കൊണ്ടു പോകവേ
ഒക്കെയും വിഴുങ്ങിയ സര്‍പ്പത്തെ
കാലില്‍ കോര്‍ത്ത ഗരുഡന്റെ ചുണ്ട്
അലങ്കാരമായ് ഉറപ്പിച്ചിരിക്കുന്നു
ഭിത്തിയില്‍ ഇതും പഴങ്കഥ

പായല്‍ തിന്നു ചീര്‍ത്ത മീനുകളുടെ
മേദസ്സാര്‍ന്ന ശരീരം കണ്ടു ഭ്രമിച്ചു
ചങ്ങാത്തം കൂടി
വയറ്റിലാക്കിയ കുറുക്കന്റെ
മാറുപിളര്‍ന്ന പുലിയും
ഭിത്തിയ്ക്കലങ്കാരമായിത്തീര്‍ന്നു
ഇതുമൊരു പഴങ്കഥ

പുതിയ കഥകള്‍ക്കായ്
പാപങ്ങളൊക്കെയും
പുതിയ കുളത്തില്‍
പഴയ പായലായ്‌
നല്കി ഊട്ടി വളര്‍ത്തിയ മീനുകള്‍
നേരിട്ടെത്തുന്നു ഭിത്തിയ്ക്കലങ്കാരമായ്
കണ്ണീര്‍ പൊഴിക്കുന്നു
കഴുകനും ഗരുഡനും പുലിയും
ഇതു വെറും പഴങ്കഥ മാത്രം .

Saturday 30 August, 2008

സ്വത്വം

എന്തിനെന്നറിയാതെ ഏതിനെന്നറിയാതെ
പരക്കം പായുന്നതെന്തിനീ ജനം ?
എവിടെയെങ്കിലും എപ്പോഴെങ്കിലും
ഒരു മാത്ര ഇവരൊന്നു നിന്നിരുന്നുവെങ്കില്‍ ...

ഒരു തുള്ളി വിയര്‍പ്പൊഴുക്കാതെ
പത്തു പുത്തന്‍ നേടാനായോടുന്നു ചിലര്‍
എത്ര തുള്ളികളൊഴുക്കിയാലും
പത്തു വയര്‍ നിറയ്ക്കാനാകാതെയോടുന്നു ചിലര്‍

ഒരു നിമിഷമവര്‍ നിന്നു പോയെന്നാല്‍
ഈ വിയര്‍പ്പൊക്കെയും ഉറഞ്ഞുകൂടി
ഉപ്പായിത്തീര്‍ന്നു നിറയുമീ
വഴിത്താരകളിലെന്നു ഭയന്നോടുന്നു ചിലര്‍

വായ് തുറന്നാല്‍ പരക്കുന്ന
പരദൂഷണത്തിന്‍ അസഹ്യമാം ദുര്‍ഗന്ധത്താല്‍
ബോധമറ്റു വീഴുന്നു , സാംക്രമിക രോഗങ്ങളില്‍
നിന്നു മുക്തി നേടിയവരിവിടെ .

അക്ഷരങ്ങള്‍ നല്കിയ ആശ്വാസത്താല്‍
വീണ്ടെടുത്ത ബോധം നല്‍കുന്ന
ഊര്‍ജ്ജത്തെ, വെളിച്ചത്തെ
നശിപ്പിക്കാനായ് ഓടിക്കുന്നു ചിലര്‍

അന്തിച്ചു നിന്ന എന്നെ
ചവുട്ടിയരച്ചു കൊണ്ടോടുന്നു ചിലര്‍
തലയുയര്‍ത്തി നോക്കിയ ഓരോ
അവസരങ്ങളിലും മാരകമാം
ചവിട്ടേറ്റു താഴുന്നു തല

അക്ഷരങ്ങളെ സഹായത്തിനു
വിളിക്കാതിരിക്കാനെന്ന പോല്‍
കൈകളറ്റു പോയിരിക്കുന്നു
ഒരടിയിനി മുന്നോട്ടു വേണ്ടെന്നാരോ
തീരുമാനിച്ചതിനാലോ –
കാലുകളും വേര്‍പെട്ടിരിക്കുന്നു.

എന്നിട്ടും കണ്ണുകളിലാവാഹിച്ച
അക്ഷരങ്ങള്‍ കൂട്ടാകുന്നു തലയുയര്‍ത്താന്‍
വാശിയോടെ ഉയരുന്നു വീണ്ടും
പ്രഹരങ്ങളേറ്റു താഴുന്നു ...
പാതാളത്തോളം .

കണ്ണടഞ്ഞാല്‍ , കൂട്ടു പിരിഞ്ഞാല്‍
ഉയരുമോ തല ?
താഴുവാനിനി ബാക്കിയേതുമില്ലല്ലോ
ഉയരാതായാല്‍ വേണ്ടെനിക്കീ തല .

രാത്രിമഴ

ഒരു മരം ... ഒരു മരമെങ്കിലു‌മുണ്ടായിരുന്നുവെങ്കില്‍ …
മരംപെയ്ത്തായി തുടര്‍ന്നേനെ രാത്രിമഴ ...
വെളിച്ചത്തെ ഭയന്നോ നീ
ഇരുളിന്‍ മറപിടിച്ചു വന്നുപോയത്‌ ?
അറിയുന്നീലാ നീയാണെത്തിയതെന്നു .

കൊടും താപത്താല്‍ …. വിരഹാഗ്നിയാല്‍
ഉരുകുന്ന ഹൃദയങ്ങളുടെ നെടുവീര്‍പ്പുകള്‍
ബാഷ്പമായതോ മണ്ണില്‍ നനവായി ഭവിച്ചത് ?
ഒരു മിന്നലായി , ഇടിനാദമായി
സൂചനയൊന്നു തന്നിരുന്നുവെങ്കില്‍
വരുമായിരുന്നു ഞാന്‍
ചിതറുന്ന പളുങ്കു മണികള്‍ കാന്മാനായി
അതിനുള്ള ത്രാണിയെനിക്കില്ലെങ്കിലും
കാണുമായിരുന്നു എന്നന്താരാത്മാവില്‍ .
മാറോടു ചേര്‍ത്തു പുല്‍കുമായിരുന്നു
നിന്റെ ആശകള്‍ ... ഓര്‍മ്മകളുടെ-
തേരേറി പായുന്നത് കാണാമായിരുന്നു ...

മരം പെയ്ത്തില്ലാതെന്തു മഴ ?
മാരിവില്ലില്ലാതെന്തു മഴ?
ഈറന്‍ കാറ്റില്ലാതെന്തു മഴ ?
സ്നേഹ മുത്തുകള്‍ മനസ്സുകളിലേയ്ക്ക്
ഏറ്റുവാങ്ങാനായി കാത്തിരുന്നതല്ലേ …
അറിയണം … വരവുകള്‍ ഇനിയും
ബാക്കിയാക്കാന്‍ വേണം തെളിവുകള്‍ …

ഓര്‍മ്മകള്‍

പോകരുതേ… നിങ്ങള്‍ പോകരുതേ ..
ഓര്‍മ്മകളേ … എന്നില്‍ നിന്നകലരുതേ ..
അറിയുക, ഇന്നു നിന്നില്‍ മാത്രമാണു
ഞാന്‍ ജീവിക്കുന്നതെന്നും
നീ പോയാല്‍ ഞാനില്ലെന്നും
എനിക്കു നഷ്ടമാകുന്നത്‌
എന്നെത്തന്നെയെന്നും...

ബാല്യ കൌമാരങ്ങള്‍ … കുസൃതികള്‍
യൌവ്വനത്തിനു നിറച്ചാര്‍ത്തേകിയ
പ്രണയ ലോകത്തെ സുവര്‍ണ്ണയാത്രകളും
വിപ്ലവ വീര്യത്താല്‍ ജ്വലിച്ച നാളുകളും
കണ്ടറിഞ്ഞ വേദനകളും, ഒടുവില്‍ ,
യാന്ത്രികമായ ഒഴുക്കില്‍ പെട്ടുലഞ്ഞതും…

സുഖ ദുഃഖങ്ങള്‍ പങ്കുവയ്ക്കാനെത്തിയ
എന്നിലെ എനിക്കായ് ജീവിതം
ഹോമിക്കുന്ന സഹധര്‍മ്മിണിയും
നവലോകത്തിന്‍ ചടുലതകളില്‍ കാലിടറിയ
സ്വപ്നങ്ങളുടെ മാളികയില്‍ വളര്‍ന്ന സന്താനങ്ങളും …

ബാദ്ധ്യതയാകുന്ന വാര്‍ദ്ധക്യത്തിനു
കൂട്ടായി ഈ ഓര്‍മ്മകളും... ഒരു വേള ,
നിങ്ങളെന്നെ പിരിഞ്ഞെന്നാല്‍
ഞാനുമൊരോര്‍മ്മ മാത്രം … ആര്‍ക്കൊക്കെയോ
മറക്കുവാനുള്ള വെറു‌മൊരോര്‍മ്മ മാത്രം …

ഭയാനകമാം തമോഗര്‍ത്തങ്ങളില്‍
കൊള്ളിയാന്‍ പോല്‍ പാഞ്ഞെത്തുന്ന
ഇന്നലെകളുടെ ഒരു ചീന്തെങ്കിലും
ഇല്ലാത്തൊരു ദിനമുണ്ടായാല്‍ !
കഴിയുന്നില്ല ... ഓര്‍ക്കാന്‍ ... അതു‌ മാത്രം.

Thursday 28 August, 2008

പലായനം

ആല്‍മരങ്ങള്‍ തണല്‍ വിരിച്ച ഒറ്റയടിപ്പാതയിലൂടെ
ഏകാകിയായി നടന്നു നീങ്ങവേ
കാറ്റിലുലയുന്ന ഇലകള്‍ ചൊല്ലിയ
കിന്നാരങ്ങളൊന്നും കാതിലെത്തിയില്ലാ ...
പിന്നിട്ട വഴിയിലെ അസഹനീയമാം
ശബ്ദകോലാഹലങ്ങള്‍ അക്കഴിവെനിക്കന്യമാക്കിയിരുന്നു
ഇടയില്‍ ഞെരിഞ്ഞമാര്‍ന്ന
രോദനങ്ങളൊന്നുമതിനാല്‍ ശല്യമേതുമായില്ല ....

ആര്‍പ്പുവിളികള്‍ക്കൊടുവില്‍
ഹാരാര്‍പ്പണങ്ങള്‍ക്കൊടുവില്‍ വാക്കുകളാല്‍
അണികളെ അത്ഭുതലോകത്തേയ്ക്കുയര്‍ത്തിയതും
എല്ലാം കണ്ടു കണ്ണ് മഞ്ഞളിച്ചവര്‍
തലയില്‍ ചവുട്ടി നിന്നു താന്ഡവമാടിയതും
താഴെ വീണവരെ മെതിചൊതുക്കി
കൈയ്യൂക്കുള്ളവര്‍ ഉന്നതങ്ങളിലേയ്ക്ക് പോയതും....
ഭാരം താങ്ങാനാകാതെ , ശ്വാസം കഴിയ്ക്കാനാകാതെ
നിലവിളിച്ചതൊക്കെയും ബധിര കര്‍ണ്ണങ്ങളിലാണ്
പതിച്ചതെന്ന തിരിച്ചറിവും …
എന്നെയിന്നു പ്രേരിപ്പിക്കുന്നു … ഒരു തിരിഞ്ഞു നോട്ടത്തിന്നു ...

ഗൌളികള്‍ കൈവിട്ടതിനാല്‍ വീണിതില്ലൊരു മച്ചും
എലികള്‍ ഒഴിഞ്ഞിട്ടും തകര്‍ന്നതില്ലൊരു മലയും …
ശേഷം പ്രളയമെന്നോര്‍ത്തു നൌകകളെത്ര
പണിതു വച്ചു സ്വപ്നക്കോട്ടകളില്‍
പ്രളയത്തിന്നു പകരം തിരിച്ചറിവിന്‍
അഗ്നി ഒക്കെ വിഴുങ്ങിയതും ….

ഇന്നു , എല്ലാം വിട്ടെറിഞ്ഞു
ഈ രണഭൂവില്‍ നിന്നു
ചരിത്രത്താളുകളിലേയ്ക്ക് മടക്ക യാത്ര …
അവസാനിക്കാത്ത യാത്ര …
തുടക്കവും ഒടുക്കവുമില്ലാത്ത യാത്ര …