Tuesday 26 August, 2008

തീരം തേടി

കുഞ്ഞോടത്തിലലയുന്നേകനായി തീരം തേടി
ഒരു വിളി കൊണ്ട് , ഒരു വെളിച്ചം കൊണ്ട്
കാണിച്ചു തരൂ തീരം
പങ്കായമൊന്നു കിട്ടിയിരുന്നുവെങ്കില്‍
ഈ കൈകാലുകളൊന്നു ബന്ധന മുക്തമായെങ്കില്‍
നിനച്ചു പോകുന്നു വെറുതെയെങ്കിലും

ഉള്ളിലെ തീവ്രതകളൊക്കെ മറച്ചു
ശാന്തമായ കുഞ്ഞോളങ്ങളെ
പുറത്തു കാണിച്ചു ആഴിയും
നിശ്ശബ്ദത പാലിക്കുന്നതെന്തേ ?

എത്രയോ പ്രണയങ്ങള്‍ക്ക് സാക്ഷിയായ
നീയിന്നുമെത്രയോ പേരെ സയൂജ്യരാക്കുന്നു
മോഹിപ്പിക്കുന്ന തിരമാലകള്‍ നീട്ടി
പാല്‍നുര ചിതറി പുഞ്ചിരിക്കുന്നു നീ
നിന്നിലലിയുന്നവരെയൊക്കെ ഏറ്റെടുക്കുന്നു

നിന്‍ മോഹ വലയത്തില്‍ പെട്ടോ
ക്രൂരനാം വിധിയുടെ വിളയാട്ടത്താലോ
എത്തിച്ചേര്‍ന്നിതാ ഞാനും
തുഴ പോലുമില്ലാതൊരോടത്തില്‍

അസ്തമയ സൂര്യന്റെ പ്രഭാപൂരത്തില്‍
സുന്ദരിയായി നീ തിളങ്ങുമ്പോഴും
പാതിരാവില്‍ പാല്‍നിലാവില്‍ മുങ്ങി
മദാലസയായി വിളങ്ങുമ്പോഴും
കാണുന്നില്ലയോ ഈ ഏകാന്ത പഥികനെ ?

ബന്ധങ്ങളുടെ കണ്ണികള്‍ ചേര്‍ന്നൊരുക്കിയ
ചങ്ങല ബന്ധിച്ചതീ കൈകാലുകള്‍
ഇതു മുറിക്കാനുള്ള അഗ്നി തേടിയലഞ്ഞു നാളുകള്‍
അറിഞ്ഞു , എല്ലാം പാഴ് വേലകള്‍
കുരുക്കുകള്‍ മുറുക്കി ചങ്ങല ചിരിച്ചപ്പോള്‍
ഒരിറ്റു കണ്ണീര്‍ പോലും നല്‍കാതെ
ചതിച്ചു കണ്ണുകളും
ആ കൂട്ടത്തില്‍ നീയും ചേരുന്നുവോ ?
മരവിച്ചോ നിന്‍ മനസ്സും ?

തണുത്തുറഞ്ഞ ഹൃത്തിന്നൊരല്പം
ചൂടുപകരാന്‍ കെഞ്ചി ഞാനെന്നും സൂര്യനോട്‌
ഇനി വേണ്ടോന്നുമേ , മരവിച്ചു ഈ മനസ്സും ...
മുള്ളിനെ മുള്ള് കൊണ്ടെന്ന പോല്‍ തണുപ്പിക്കൂ ഇനിയും ,
നിന്നന്തരാത്മാവില്‍ വിലയം കൊള്ളാന്‍ അനുവദിക്കൂ …
ഏറ്റുവാങ്ങൂ ഈ ജന്മത്തെ ഒരു വേള ,
എത്തിക്കൂ തീരത്തീ കുഞ്ഞോടം …

No comments: