Tuesday 26 August, 2008

അനുവാദമില്ലാതെ പ്രവേശിക്കരുത്...

അനുവാദമില്ലാതെ പ്രവേശിക്കരുത്...
ആ ബോര്‍ഡില്‍ നോക്കി നെടുവീര്‍പ്പോടെ
കാത്തിരിക്കുന്നൂ ഞാന്‍ അനുവാദത്തിന്നായി
നാഴികകള്‍ പലതായി ഇരിപ്പ് തുടരുന്നൂ..
അധികാരിയെ കാണാന്‍ നിരനിരയായി കാത്തിരിക്കുന്നവര്‍
ആള്‍ക്കൂട്ടത്തില്‍ തനിയെ ഈയുള്ളവനും...

അനുവാദം നല്കി കടത്തി വിടാനായി ഗംഭീരനാം ശിപായിയും
"വലിയവര്‍" പലരും വരുന്നു പോകുന്നു
ഈ പാവങ്ങള്‍ നെടുവീര്‍പ്പോടെ കാത്തിരുന്നു....
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാത്തിരുപ്പ്...
പട്ടിണിപ്പാവങ്ങളെ കാത്തിരുത്തുന്നതും ഇവര്‍ക്ക്‌ ഹരമോ?

അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചു ഞങ്ങളിവിടെ ഇരിക്കുമ്പോള്‍

ലഘുഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്നൂ
'വലിയവരുടെ' ശിങ്കിടികള്‍ ...
ആഘോഷങ്ങള്‍ പങ്കിടുന്നു...കാര്യങ്ങള്‍ സാധിക്കുന്നൂ..

ഒടുവില്‍ അകത്തേയ്ക്കു പോയ ശിപായി

നിലവിളിയോടെ പുറത്തേയ്ക്ക് ഓടുന്നു,
പലരും ഓടിക്കൂടുന്നു.. എത്തിനോക്കീ ഉള്ളിലേക്ക്
ആകാംക്ഷയോടെ...എന്തേ ? എന്തു സംഭവിച്ചു?

കസേരയില്‍ ചാഞ്ഞു കിടക്കുന്നു അധികാരി...

കണ്ണുകള്‍ കൂമ്പിയടഞ്ഞിരിക്കുന്നു..വായ കോടിയിരിക്കുന്നു...
ശിപായിയെ കാണാതെ, ഈ ബോര്‍ഡ് വായിക്കാതെ,
വായിച്ചിട്ടും അനുവാദം വാങ്ങാതെ, അവനെപ്പോഴെത്തീ?
എവിടെ ഏത് സമയവും എത്താന്‍ കഴിവുള്ളവന്‍....
സ്ഥലകാല ബോധമില്ലാത്ത കോമാളി...
അറിയില്ല , ഇവിടെയും അങ്ങനെ വിളിക്കാമോ?

അനുവാദമില്ലാതെ വരുന്നവനെ കാണാന്‍,

അവനൊപ്പം പോകാന്‍, നമ്മുടെ അനുവാദം
ആവശ്യമില്ലല്ലോ അവന്...
എന്തിനീ പത്രാസ്സുകള്‍ ചുമക്കുന്നു നാം...?

തല കുമ്പിട്ടു തിരിഞ്ഞു നടക്കുമ്പോള്‍ ഓര്‍ത്തു ഞാന്‍..

ഈ അതിക്രമിച്ചു കടക്കല്‍, എങ്ങനെ ഉള്‍ക്കൊള്ളുമാ കുടുംബം?
പാവങ്ങളുടെ കുടുംബങ്ങള്‍ ഓര്‍ക്കപ്പെട്ടില്ലെങ്കിലും...
പാവങ്ങള്‍ക്കിതൊക്കെ ഓര്‍ക്കാതിരിക്കാനാകില്ലല്ലോ?

No comments: