Saturday 30 August, 2008

സ്വത്വം

എന്തിനെന്നറിയാതെ ഏതിനെന്നറിയാതെ
പരക്കം പായുന്നതെന്തിനീ ജനം ?
എവിടെയെങ്കിലും എപ്പോഴെങ്കിലും
ഒരു മാത്ര ഇവരൊന്നു നിന്നിരുന്നുവെങ്കില്‍ ...

ഒരു തുള്ളി വിയര്‍പ്പൊഴുക്കാതെ
പത്തു പുത്തന്‍ നേടാനായോടുന്നു ചിലര്‍
എത്ര തുള്ളികളൊഴുക്കിയാലും
പത്തു വയര്‍ നിറയ്ക്കാനാകാതെയോടുന്നു ചിലര്‍

ഒരു നിമിഷമവര്‍ നിന്നു പോയെന്നാല്‍
ഈ വിയര്‍പ്പൊക്കെയും ഉറഞ്ഞുകൂടി
ഉപ്പായിത്തീര്‍ന്നു നിറയുമീ
വഴിത്താരകളിലെന്നു ഭയന്നോടുന്നു ചിലര്‍

വായ് തുറന്നാല്‍ പരക്കുന്ന
പരദൂഷണത്തിന്‍ അസഹ്യമാം ദുര്‍ഗന്ധത്താല്‍
ബോധമറ്റു വീഴുന്നു , സാംക്രമിക രോഗങ്ങളില്‍
നിന്നു മുക്തി നേടിയവരിവിടെ .

അക്ഷരങ്ങള്‍ നല്കിയ ആശ്വാസത്താല്‍
വീണ്ടെടുത്ത ബോധം നല്‍കുന്ന
ഊര്‍ജ്ജത്തെ, വെളിച്ചത്തെ
നശിപ്പിക്കാനായ് ഓടിക്കുന്നു ചിലര്‍

അന്തിച്ചു നിന്ന എന്നെ
ചവുട്ടിയരച്ചു കൊണ്ടോടുന്നു ചിലര്‍
തലയുയര്‍ത്തി നോക്കിയ ഓരോ
അവസരങ്ങളിലും മാരകമാം
ചവിട്ടേറ്റു താഴുന്നു തല

അക്ഷരങ്ങളെ സഹായത്തിനു
വിളിക്കാതിരിക്കാനെന്ന പോല്‍
കൈകളറ്റു പോയിരിക്കുന്നു
ഒരടിയിനി മുന്നോട്ടു വേണ്ടെന്നാരോ
തീരുമാനിച്ചതിനാലോ –
കാലുകളും വേര്‍പെട്ടിരിക്കുന്നു.

എന്നിട്ടും കണ്ണുകളിലാവാഹിച്ച
അക്ഷരങ്ങള്‍ കൂട്ടാകുന്നു തലയുയര്‍ത്താന്‍
വാശിയോടെ ഉയരുന്നു വീണ്ടും
പ്രഹരങ്ങളേറ്റു താഴുന്നു ...
പാതാളത്തോളം .

കണ്ണടഞ്ഞാല്‍ , കൂട്ടു പിരിഞ്ഞാല്‍
ഉയരുമോ തല ?
താഴുവാനിനി ബാക്കിയേതുമില്ലല്ലോ
ഉയരാതായാല്‍ വേണ്ടെനിക്കീ തല .

No comments: