Tuesday, 26 August 2008

ചോദ്യങ്ങള്‍ മാത്രം

കഠാരത്തുമ്പില്‍ നിന്നിറ്റു വീണ
രക്തത്തുള്ളികള്‍ നൊട്ടിനുണയാന്‍
മത്സരിച്ചവര്‍ , അതിനായി
പൊരുതി മരിച്ചവര്‍ ,
ബാക്കിയായ ചോരയിറ്റിയ
മണ്ണിന്റെ നിലവിളികള്‍ ...
കേള്‍ക്കാനാളില്ലാത്ത നിലവിളികള്‍
സ്വയ രക്ഷയ്ക്കെന്നു തെറ്റിദ്ധരിച്ചവരേറെ.

മാംസം തുളച്ചു കയറുമ്പോഴാ
ഇരുമ്പു കഷണം തേങ്ങിയതും
ശില്പ ഭംഗിയാര്‍ന്ന പിടിയിലമര്‍ന്ന
വിരലുകളാ തുടിപ്പറിയാതെ
പോയതുമാരുടെ ദൌര്‍ഭാഗ്യം?

ആലയിലുരുകുന്ന ഇരുമ്പിലൂടെ
രൂപമെടുക്കുന്ന കഠിന ഹൃദയങ്ങള്‍
ഏതു മാറു പിളര്‍ക്കണമെന്നറിയാതെ
പായുമ്പോള്‍ , ഓര്‍ക്കുക,
പേയ് പിടിച്ച ഈ പ്രയാണങ്ങള്‍

മാതൃ ഹൃദയങ്ങളാണു
വെട്ടിക്കീറുന്നതെന്നു …

ദിഗന്തങ്ങള്‍ നടുങ്ങുന്ന
സംഭവങ്ങള്‍ ആഘോഷങ്ങളാക്കുവാനും
അതിലൂറുന്ന വേദനയില്‍
ലയിച്ചു ചേരുവാനും
കൂട്ടിനീ ഇരുമ്പു കഷണവും …

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
ചോദിച്ചു മടുത്ത ഞാനിനി
പോകുന്നു …
വേണമെനിയ്ക്കുത്തരങ്ങള്‍ …
ഹൃദയത്തുടിപ്പുകള്‍ക്കുത്തരങ്ങള്‍ …

No comments: