പാപങ്ങള്‍ പായല്‍ മേലാട തീര്‍ത്ത
കുളത്തില്‍ നിന്നുയിരും കൊണ്ടു
പുറത്തു ചാടിയ കുഞ്ഞു മീനുകളുടെ
മുള്ളുകള്‍ പനഞ്ചുവട്ടില്‍
കൂനയാക്കിയ കൊറ്റികളുടെ
കൊക്കും കാലും ബാക്കിയാക്കിയ
കഴുകന്റെ ശവം അലങ്കാര വസ്തുവായി
ഭിത്തിയില്‍ തൂങ്ങുന്നു
ഇതൊരു പഴങ്കഥ .
പായല്‍ തിന്നാതെ
ശ്വാസം കിട്ടാതെ
പിടഞ്ഞു മരിച്ച
മീന്‍ കുഞ്ഞുങ്ങളുടെ ശവം
മറവു ചെയ്യാന്‍ കൊണ്ടു പോകവേ
ഒക്കെയും വിഴുങ്ങിയ സര്‍പ്പത്തെ
കാലില്‍ കോര്‍ത്ത ഗരുഡന്റെ ചുണ്ട്
അലങ്കാരമായ് ഉറപ്പിച്ചിരിക്കുന്നു
ഭിത്തിയില്‍ ഇതും പഴങ്കഥ
പായല്‍ തിന്നു ചീര്‍ത്ത മീനുകളുടെ
മേദസ്സാര്‍ന്ന ശരീരം കണ്ടു ഭ്രമിച്ചു
ചങ്ങാത്തം കൂടി
വയറ്റിലാക്കിയ കുറുക്കന്റെ
മാറുപിളര്‍ന്ന പുലിയും
ഭിത്തിയ്ക്കലങ്കാരമായിത്തീര്‍ന്നു
ഇതുമൊരു പഴങ്കഥ
പുതിയ കഥകള്‍ക്കായ്
പാപങ്ങളൊക്കെയും
പുതിയ കുളത്തില്‍
പഴയ പായലായ്
നല്കി ഊട്ടി വളര്‍ത്തിയ മീനുകള്‍
നേരിട്ടെത്തുന്നു ഭിത്തിയ്ക്കലങ്കാരമായ്
കണ്ണീര്‍ പൊഴിക്കുന്നു
കഴുകനും ഗരുഡനും പുലിയും
ഇതു വെറും പഴങ്കഥ മാത്രം .
Tuesday, 9 September 2008
Subscribe to:
Comments (Atom)
